ബ്രൗസര് യുദ്ധത്തില് മൈക്രോസോഫ്റ്റിന് കടുത്തവെല്ലുവിളി. ബ്രൗസര് രംഗത്ത് 13 വര്ഷത്തെ ഇന്റര്നെറ്റ് എക്സ്പ്ലോറര് ആധിപത്യം ക്രോം ചോദ്യം ചെയ്യുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടത്തില് ഐഇ ഇപ്പോള് നേരിയ ആധിപത്യം പുലര്ത്തുന്നുണ്ടെന്ന് ഇന്റര്നെറ്റ് ട്രാഫിക് നിരീക്ഷിക്കുന്ന Statcounter വെളിപ്പെടുത്തി. ഇന്റര്നെറ്റ് എക്സ്പ്ലോററിന്റെ എല്ലാ പതിപ്പുകളും ചേര്ന്നാണ് ക്രോമിനെക്കാള് ശക്തി നേടിയിട്ടുള്ളത് .

മാസങ്ങള്ക്ക് മുമ്പാണ് മോസില്ല ഫയര്ഫോക്സിനെ പിന്നിലാക്കി ക്രോം രണ്ടാം സ്ഥാനം പിടിച്ചെടുത്തത് . ഇന്ത്യ , റഷ്യ, ബ്രസീല് എന്നീ രാജ്യങ്ങളില് ക്രോം ഐഇയേക്കാള് ഏറെ മുന്നിലാണ് . ചൈനയില് രണ്ടാം സ്ഥാനവും ക്രോമിനുണ്ട് . എന്നാല് അമേരിക്കയിലും ജര്മനിയിലും മോസില്ലയുടെ പിന്നിലാണ് ക്രോം.

നെറ്റ്സ്കേപ്പിനെ തന്ത്രപരമായി തകര്ത്താണ് ബ്രൗസര് യുദ്ധത്തില് മൈക്രോസോഫ്റ്റ് മുന്നിലെത്തിയത് .

ഗൂഗിളിന്റെ സേര്ച്ച് എഞ്ചിനെ പിന്നിലാക്കാന് മൈക്രോസോഫ്റ്റ് ബിംഗ് രംഗത്തെത്തിച്ചെങ്കിലും പ്രതീക്ഷിച്ച വിജയം നേടിയില്ല. മൊബെല് ഓപ്പറേറ്റിംഗ് സിസ്റ്റം മേഖലയിലും ഗൂഗിളിനാണ് ആധിപത്യം.

കമ്പ്യൂട്ടര് ഒഎസ് മേഖലയില് വിന്ഡോസിനെ വെല്ലുവിളിക്കാനുളള തയാറെടുപ്പിലാണ് ഗൂഗിളിപ്പോള്.